2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം

         


കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം
2002 മാര്‍ച്ച് ഒന്നിന് ഉച്ച വെയിലിന്റെ തെളിച്ചത്തെ പോലും ഇരുട്ടിലാഴ്ത്തിയ പുകമറക്കും ഭ്രാന്തമായ കൊലവിളികള്‍ക്കുമിടയിലൂടെയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ജീവന് വേണ്ടി കേഴുന്ന നിസ്സഹായനായ ആ മനുഷ്യന്റെ കണ്ണിലെ ഭയം ഒരു സമൂഹത്തിന്റെ തന്നെ ഭാവമായിരുന്നു.
ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കുത്ബുദ്ദീന്‍ അന്‍സാരി എന്ന 28 കാരന്റെ ചിത്രം  2002ലെ ഗുജറാത്ത് വംശീയ ലഹളയുടെ തീവ്രത മുഴുവന്‍ വിളിച്ചോതി. രക്തക്കറ പടര്‍ന്ന മുഷിഞ്ഞ കുപ്പായവും കൈകൂപ്പി നിസ്സഹായമായുള്ള നില്‍പും   നിറഞ്ഞ കണ്ണുകളിലെ  ഭയപ്പാടും ആര്‍കോ ദത്തക്ക് നേടിക്കൊടുത്തത് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡായിരുന്നു.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി അന്‍സാരിയെ കണ്ടുമുട്ടിയപ്പോള്‍ ആര്‍കോയുടെ ഓര്‍മകള്‍ക്ക് കണ്ണീരിന്റേയും പുഞ്ചിരിയുടേയും ചുവ. പണ്ട് അന്‍സാരിയെ കണ്ടുമുട്ടിയ അതേ വരാന്തയില്‍ നിന്ന് കൊണ്ട് ഓര്‍മകള്‍ പങ്കുവെക്കവെ അന്‍സാരിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് ആര്‍കോയുടെ വാക്കുകളില്‍.
അന്ന് പട്ടാളക്കാരുടെ വാനില്‍ പുകമറക്കിടയിലൂടെ കടന്ന് പോകവെ ഒരു മിന്നായം പോലെയാണ് ആര്‍കോയും കുട്ടരും അന്‍സാരിയെ കണ്ടത്. നിസ്സഹായരായ ആ കൂട്ടത്തെ രക്ഷിക്കാതെ പോകാന്‍ പാടില്ലെന്ന പത്രക്കാരുടെ വാശിയാണ് അന്‍സാരിക്ക് പുതു ജീവനിലേക്ക് പാത തെളിച്ചത്.
സംഭവത്തെ അന്‍സാരി വിവരിക്കുന്നതിങ്ങനെ, കത്തിപ്പടരുന്ന തീനാളത്തില്‍  എല്ലാം തീര്‍ന്നെന്ന് കരുതിയ നിമിഷത്തിലാണ് പട്ടാളക്കാരുടെ വാന്‍ ആ വഴി വന്നത്. ഒരു സംഘം അക്രമികള്‍ തീ വെച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെട്ടുപോയ ഒരു കൊച്ചു സംഘം. പ്രതികരണമില്ലാതെ കടന്ന് പോയ ആ വാന്‍ അല്‍പ നേരത്തിനകം തിരിച്ച് വന്നു. ഒരു കൊച്ചു സംഘത്തിന്റെ ജീവനുമായി.
ജീവന് വേണ്ടി യാചിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ ദയനീയ ചിത്രം കണ്ടാണ് അടുത്ത പുലരി ഉദിച്ചുയര്‍ന്നത്. ലോകമെമ്പാടുള്ള പത്രങ്ങളില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകളുടെ  മുഖമായി ഇതിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതൊന്നും അന്‍സാരി അറിഞ്ഞില്ല. ഈ ചിത്രം കാരണം അന്ന് താന്‍ ഒരുപാട് വേട്ടയാടപ്പെട്ടുവെന്നാണ് അന്‍സാരി പറഞ്ഞത്. തന്റെ ജോലിയും നാടും നഷ്ടമായതും ഒടുവില്‍ സഹോദരിമാരേയും കൂട്ടി മഹാരാഷ്ട്രയില്‍ അഭയം തേടിയതും ഈ ചിത്രം കാരണമെന്നാണ് അന്‍സാരി. മാധ്യമങ്ങളുടെ വേട്ടയാടലില്‍ അന്‍സാരിക്ക് പിന്നേയും ഒത്തിരി ജോലികള്‍ നഷ്ടമായി. മുസ്ലീം വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ഇതിനെ പ്രചാരണായുധമാക്കി.
എന്നാല്‍ ഒരു ടീ ഷര്‍ട്ട് വിലകുറച്ച് കിട്ടിയതും ഉമ്മയുടെ ഹജ്ജ് കുത്തിവെപ്പ് വേഗത്തില്‍ നടന്നതും ഈ ചിത്രം നല്‍കിയ നല്ല ഓര്‍മകളില്‍ ചിലതാണ്. മാപ്പ് ചോദിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുന്ന ആര്‍കോയോട് അന്‍സാരിക്ക് പറയാന്‍ ഒന്നേയുള്ളു. 'ഒന്നും ആരുടേയും കുറ്റമല്ല. താങ്കള്‍ താങ്കളുടെ തൊഴില്‍ ചെയ്യുന്നു. ഞാന്‍ എന്റേയും. ഇവിടെ എന്താണ് നടന്നതെന്ന് ആചിത്രം ലോകത്തിന് കാണിച്ച് കൊടുത്തു. ബാക്കിയെല്ലാം എന്റെ വിധിയാണ്'.

പത്ത് വര്‍ഷം അന്‍സാരിയില്‍ ഒരുപാട് മാറ്റം വരുത്തി. എട്ടുവയസ്സുകാരന്‍ മകനും നാല് വയസ്സുകാരി മകളും പുതുതായി വന്നു. മൂത്തവള്‍ക്ക് 14 വയസ്സായി. ഉപജീവനത്തിന് ഒരു കൊച്ചു തയ്യല്‍ക്കടയും.  തന്നെ എന്നും നല്ല സുഹൃത്തായി കാണണമെന്നായിരുന്നു അന്‍സാരിയോട് ആര്‍കോയുടെ അപേക്ഷ. ഇന്ന് അന്‍സാരിയുടെ മുഖത്ത് കാണുന്ന ചിരി ഒരിക്കലും നഷ്ടമാവല്ലേ എന്ന് പ്രാര്‍ഥനയും.
(കടപ്പാട്- ബി.ബി.സി)

അഭിപ്രായങ്ങളൊന്നുമില്ല: