2012, മാർച്ച് 15, വ്യാഴാഴ്‌ച

വെറുക്കപ്പെട്ട സഘാവ്



രാജാവ് നഗ്നനാണെന്നു നമ്മള്‍ വിളിച്ചു പറഞ്ഞില്ലെങ്കില്‍ രാജാവിന് തിരുത്താന്‍ അവസരം കൊടുത്തില്ല എന്ന് ചരിത്രം രേഖപ്പെടുത്തും…!
ഞാന്‍ തന്നെ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ജീവിക്കുന്ന പ്രതീകമെന്നും അടിച്ചമര്ത്തപ്പെട്ട സ്ത്രീകളുടെ വിമോചകനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഈ പുണ്യാത്മാവ് സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നത് ആദ്യമല്ല. .
ഒരിക്കല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരു മൂന്നാംകിട പൂവാലന്‍ പോലും പറയുമോ എന്ന് സംശയമാണ്. തന്റെ അപ്പനെക്കാള്‍ പ്രായമുള്ള ഇദ്ദേഹത്തെ ജയിലില്‍ കയറ്റാന്‍ താത്പര്യമില്ല എന്ന് പറഞ്ഞു നിരുപാദികം കേസ് പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ അഴിയെണ്ണാനുള്ള വകുപ്പ് ഒരു നല്ല വക്കീലിന് നേടിക്കൊടുക്കാനുള്ളതേ ഉള്ളായിരുന്നു .
ചെറുപ്പക്കാരായ രണ്ടു MLAമാര്‍ ചോരത്തിളപ്പില്‍ എന്തൊക്കയോ കാട്ടികൂട്ടിയ അന്ന് നടന്ന പരാക്രമത്തില്‍ , കളരി പഠിച്ച വേറൊരു MLA മേശപ്പുറത്തു കാലെടുത്തു വെക്കാന്‍ ശ്രമിച്ചതിനെ ഇദ്ദേഹം പത്രസമ്മേളനം നടത്തി വ്യാഖ്യാനിച്ചത് എന്താണെന്ന് സ്ത്രീകളെ ബഹുമാനിക്കുന്നവരോ സാമാന്യം നാണമുള്ളവരോ പറയില്ല.
ഇന്നിപ്പോ ഈ ‘സ്ത്രീ വിമോചകന്‍’ സിന്ധു ജോയി എന്ന വേറൊരു പൊതുപ്രവര്‍ത്തകയെപറ്റി പരാമര്‍ശിക്കാന്‍ ഉപയോഗിച്ച വാക്ക് സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളുടെ വായില്‍ നിന്ന് വരികയില്ല
രാജ്യത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തിയ ജവാനെ പറ്റിയുള്ള പരാമര്‍ശം ഇന്ത്യ മുഴുവന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച തെറി, സംസ്കാരം എന്ന വാക്കെങ്കിലും കേട്ടിട്ടുള്ള ഒരാളും പറയില്ലായിരുന്നു. ‘മീന്‍പെറുക്കിയും’ , ‘കുരങ്ങനും’ , ‘തള്ളച്ചിയും’ എന്ന് വേണ്ട, മനുഷ്യ വര്‍ഗ്ഗത്തോട് മാന്യത പുലര്‍ത്തുന്ന ഒരാളില്‍ നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത എല്ലാം കേള്‍ക്കുന്ന ഒരിടമാണ് ഇദ്ദേഹമെന്നു തോന്നി പോകും .
എന്നാല്‍ മറ്റുള്ളവരെ വിധിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.
ഒരിക്കല്‍ ഫാരിസ് അബൂബക്കറിനെ വെറുക്കപ്പെട്ടവന്‍ എന്ന് മുദ്ര കുത്തിയ ഇദ്ദേഹം, പാര്‍ട്ടിയെ വഞ്ചിച്ച ആളെന്ന പേരില്‍ പലവട്ടം വിമര്‍ശനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയനായിട്ടുള്ള ആളാണ്‌ . ഇദ്ദേഹം (സ്വന്തം പാര്‍ട്ടിക്ക്) വെറുക്കപെട്ട ആളെന്ന് തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പാര്‍ട്ടിയിലെ പറക്കമുറ്റാത്ത ഞാഞ്ഞൂലുകള് പോലും ” ക്യാപ്പിറ്റല്‍ പണിഷ്മെന്റ് ” വിധിച്ചതിലൂടെ നാം കണ്ടത്.
“പുണ്യാത്മാവായ” റൌഫിനെ കൂട്ടുപിടിച്ചു തന്ത്രങ്ങള്‍ മെനഞ്ഞും, നന്ദകുമാറിനെ പോലുള്ള വ്യവഹാരികളിലൂടെ സുപ്രീം കോടതി വരെ പോയി കാശെറിഞ്ഞു “ഏറ്റവും വലിയ കുറ്റവാളി” കള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തും ഇദ്ദേഹം “സദാചാരി”കളായ അനേകം മലയാളികളുടെ കണ്ണിലുണ്ണിയായ ആളാണ്‌ .
പല തവണ പുറത്തായ ഇദ്ദേഹത്തെ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പാവം ജനങ്ങളുടെ ഇടപെടലിലൂടെ മാത്രമാണ് മത്സരിക്കാന്‍ പോലും സാധിച്ചത്. എങ്കിലും പാര്ട്ടിക്കാരുടെ ഉദ്ദേശം ഇദ്ദേഹത്തെ ഉപയോഗിച്ചു ഇലക്ഷനില്‍ വിജയം നേടിയതിനു ശേഷം കറിവേപ്പില പോലെ വലിച്ചെറിയുകയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മകനെ നന്നായി വളര്‍ത്താന്‍ അറിയാത്തതിലോ മകനും ബന്ധുവിനും നേട്ടങ്ങള്‍ ഉണ്ടാകാന്‍ കൂട്ട് നിന്നതിലോ ഉള്ളതിനേക്കാള്‍ ലജ്ജാകരം .. സ്ത്രീ വിമോചകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആള്‍ സ്ത്രീകള്‍ക്കപമാനം ആകുന്നതിലാണ് .
88 ാമത്തെ വയസ്സില്‍ ഈ രാജാവിന് നഗ്നത മാറ്റാന്‍ അവസരം ഉണ്ടോ എന്തോ.. എന്തായാലും പറഞ്ഞു നോക്കുക തന്നെ ..!
                                                                             കടപ്പാട് ഭൂലോകം
 

2012, മാർച്ച് 6, ചൊവ്വാഴ്ച

ഫേസ്ബുക്കും ജനാധിപത്യവും


ഈ വര്ഷം ഫേസ്ബുക്ക്‌ ലോകത്തിലെ ശതകോടി ഉപയോക്താക്കളില്‍ എത്തിച്ചേരും  എന്ന് കരുതപ്പെടുന്നു. അതായതു ലോക ജനസംഖ്യയുടെ എഴിലൊന്ന് ഇപ്പോള്‍ ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നു. ലോകരാജ്യങ്ങളിലെ ജനസംഖ്യ അനുപാതത്തില്‍  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ആകെ  ജനസംഖ്യയോളം വരും ഇത്. പല അറബ് രാജ്യങ്ങളെയും ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതില്‍  നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക്‌ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയോ ?
നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഭരണയന്ത്രങ്ങളും സോഷ്യല്‍  മീഡിയയെ ഇത്രയേറെ ഭയത്തോടും ചിലപ്പോള്‍ എങ്കിലും പകയോടും സമീപിക്കേണ്ട കാര്യം ഉണ്ടോ ? അണ്ണാ ഹസാരെ തന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റിനു സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആയിരുന്നു എന്ന കാരണത്താല്‍, ജനാധിപത്യത്തിന്റെ  കടക്കല്‍ കത്തിവെക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ് ഫേസ്ബുക്കും, ട്വിറ്ററും  എന്നൊക്കെ ധരിച്ചു പരവശരായ കുറെ രാഷ്ട്രീയക്കാരെങ്കിലും  ഉണ്ട് നമ്മുടെ ഇടയില്‍ എന്ന് തോന്നുന്നു. പ്രത്യേകിച്ചും കേന്ദ്ര ഭരണാധികാരികളില്‍ ചിലര്‍ ഫേസ് ബുക്കിനും മറ്റും എതിരായി തുടര്‍ച്ചയായി ചന്ദ്രഹാസം ഇളക്കുന്നത് നമ്മുടെ  ജനാധിപത്യപ്രക്രിയില്‍ ഉറച്ച വിശ്വാസം ഉള്ള ഒരു മുതിര്‍ന്ന തലമുറക്കെങ്കിലും ഈ മാധ്യമങ്ങളെപ്പറ്റി ഒരു തെറ്റിധാരണ ഉണ്ടാക്കാനും, സോഷ്യല്‍ മീഡിയ എന്നാല്‍   ഗവര്‍ണ്മെന്റിനെതിരെ കലാപം ഉണ്ടാക്കുന്നവരും തീവ്രവാദികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം എന്ന അബദ്ധധാരണ അവര്‍ക്ക് പകര്‍ന്നു നല്‍കുവാനും കാരണമായിട്ടില്ലേ എന്നും സംശയിക്കുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ക്ക്  ജനാധിപത്യത്തില്‍ ഉളവാക്കാന്‍ കഴിയുന്ന സ്വാധീനത്തെപ്പറ്റിയും, ജനപ്രധിനിധികള്‍ അവയെ ഉപയോഗപ്പെടുന്ന രീതികളെപ്പറ്റിയും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടണം എന്ന് തോന്നിപ്പിച്ചത്  ഇന്ന് മലയാള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്ത്തയാണ്. വീ .ടീ .ബലറാം എന്ന യുവ എം എല്‍ എ, താന്‍  നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ബില്ല് ഫേസ്ബുക്കില്‍ ജനാഭിപ്രായം അറിയുവാന്‍  പോസ്റ്റു ചെയ്യുകയും, അതിനെ തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി തേടിയിട്ടുള്ള ഈ  ബില്ല് അംഗങ്ങള്‍ക്ക് നല്കുന്നതിനുമുന്പു സോഷ്യല്‍ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച ബലറാമിന്റെ നടപടി ചട്ടവിരുദ്ധവും അംഗങ്ങളുടെ അവകാശലംഘനവും ആണെന്ന് ബഹു: കേരള നിയമസഭാ സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയും  ചെയ്തിരിക്കുന്നു. ഇതൊരു നടപടിയെടുക്കേണ്ട കുറ്റം എന്ന രീതിയില്‍ സ്പീക്കര്‍  പരിഗണിച്ചു എന്നും മനസ്സിലാകുന്നു. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്തും, ന്യായാന്യായങ്ങള്‍ പരിശോധിച്ചും നിയമസഭയാല്‍ ‘ഇമ്പീച്ച് ‘ ചെയ്യപ്പെട്ട ആദ്യ ബ്ലോഗ്ഗര്‍ എന്ന ഖ്യാതിയോടെ ലിംക വേള്‍ഡ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റാന്‍ തീരെ താത്പര്യം ഇല്ലാത്തതുകൊണ്ട്, ആ ഭാഗത്തേക്ക് ഇപ്പോള്‍ നോക്കുന്നില്ല.
കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങള്‍ തയ്യാറാകണം എന്ന്  നിയമസഭയില്‍ അഭിപ്രായപ്പെട്ട ബലറാമിന്റെ വാദത്തോട് നൂറുശതമാനം യോജിച്ചുകൊണ്ട് ; കഴിഞ്ഞ വര്ഷം യൂറോപ്യന്‍  പാര്‍ലമെന്റ്  സംഘടിപ്പിച്ചത് പോലെ, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക്  എന്ന വിഷയത്തെപ്പറ്റി ഒരു സെമിനാര്‍ സംഘടിപ്പിക്കുവാന്‍ നമ്മുടെ നിയമസഭയും വൈകിക്കൂടാ എന്ന് കരുതുന്നു.
യൂറോപ്പിലെ പാര്ലമെന്ടറി ജനാധിപത്യത്തില്‍, ഫേസ്ബുക്കിന്റെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനം എന്ന വിഷയത്തില്‍, ഉന്നത ഉദ്യോഗസ്ഥരെയും, ബ്ലോഗ്ഗെര്മാരെയും, സമൂഹത്തിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ‘ബട്ടര്‍ഫ്ലൈ  യൂറോപ്പ് ‘ എന്ന പേരില്‍ കഴിഞ്ഞ വര്ഷം  യൂറോപ്പിയന്‍ പാര്‍ലിമെന്റില്‍ നടത്തിയ സിമ്പോസിയം, ഈ വിഷയത്തില്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ചെലുത്തുന്ന ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപ്പറ്റിയും അംഗങ്ങള്‍ സുചിന്തിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

നിയമസഭ ബില്ലുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നത് ശരിയായ പ്രവണതയോ?
ഒരു പാര്‍ലിമെന്റ് അംഗം ഇങ്ങനെ പറഞ്ഞു ‘ പാരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് അനേക മടങ്ങ്‌ ആള്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ ഫേസ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ നമുക്ക് അവസരം തരുന്നു .നാം ഒരു ലഘുലേഖ  പുറത്തു ഇറക്കിയാല്‍ അത് തൊണ്ണൂറ്റി ഒന്‍പതു ശതമാനവും പാഴ്ചിലവായി  മാറും . ടീവീയിലൂടെയും മറ്റും നമുക്ക് പരിമിതമായ ആളുകളില്‍ എത്തിച്ചേരാന്‍ പറ്റും എങ്കില്‍ ഫേസ് ബൂക്കിലൂടെ നമുക്ക് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളില്‍ എത്തിച്ചേരാന്‍ ആവും .
മറ്റൊരാള്‍ പറയുന്നത് ജനഹൃദയങ്ങള്‍ തൊട്ടറിയുവാന്‍ ഇതുപോലെ പറ്റിയ വേറൊരു മാര്‍ഗം ഇല്ല എന്നത്രേ !!
രാഷ്ട്രീയക്കാര്‍ അമിതമായി ഈ മാധ്യമങ്ങളെ ആശ്രയിക്കുന്നതിന്റെ പരിമിതികളും അവര്‍ ചൂണ്ടിക്കാട്ടി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പരിഛെദം അല്ലെന്നും , ജനാധിപത്യത്തിന്റെ ഒരു ഉപകരണം ആയി അതിനെ കാണുന്നത് അപകടകരം ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി . സോഷ്യല്‍ മീഡിയയെ കുറിച്ചു  തങ്ങള്‍ക്കുള്ള അജ്ഞതയെപ്പറ്റിയും ചിലര്‍ വാചാലരായി .
യൂറോപ്പിനെ അപേക്ഷിച്ച് ഇന്റര്‍നെറ്റ്‌ ഉപയോഗം തുലോം കുറവുള്ള നമ്മുടെ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ പരിമിതികള്‍ ഏറെയാണെങ്കിലും, യുവാക്കളെയും , വിദ്യാസമ്പന്നരെയും രാഷ്ട്ര പുനര് നിര്‍മ്മാണത്തില്‍  കൂടുതലായി ഉള്‍ക്കൊള്ളിക്കുക എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ബലരാമിന്റെ സംരംഭത്തിന് കഴിയും എന്ന വിശ്വാസത്തില്‍  , ജനാധിപത്യസ്ഥാപനങ്ങള്‍  നിയമ പരിഷ്കാരങ്ങള്‍ മുഖേനയും  മറ്റും ക്രിയാത്മകമായ ഇത്തരം സംരംഭങ്ങള്‍ക്ക്‌ വേദിയൊരുക്കി കൊടുക്കയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . ചുരുങ്ങിയപക്ഷം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നൂതന മാധ്യമങ്ങളുടെ ജനോപകാരപ്രദമായ ഉപയോഗങ്ങള്‍ കുറ്റകൃത്യം ആയി കാണരുത് എന്ന് അപേക്ഷിക്കുന്നു .
മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം ബാലികേറാമല ഒന്നും അല്ല എന്നത് , നിയമസഭക്ക് ഉള്ളില്‍ ഇരുന്നുള്ള മൊബൈല്‍ ഫോണിന്റെ ക്രിയാത്മകമായ ഉപയോഗത്താല്‍ കര്‍ണാടകത്തിലെ മൂന്ന് മന്ത്രിമാര്‍ ഈയിടെ തെളിയിച്ചതാണല്ലോ ! സാധാരണക്കാര്‍ക്ക് ജനപ്രതിനിധികളുടെ സാങ്കേതിക വിദ്യകളില്‍ ഉള്ള ജ്ഞാനവും താത്പര്യവും മനസിലാക്കുവാന്‍ ഈ സംഭവം സഹായകമായതിനാല്‍ ,പഞ്ചായത്ത് മുതല്‍ ഉള്ള മെമ്പര്‍മാര്‍ക്ക് ഐ -പാഡ് അനുവദിച്ചു , ഇന്റര്‍നെറ്റില്‍ തത്തിക്കളിക്കാന്‍ അവസരം ഉണ്ടാക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു .   കടപ്പാട് ഭൂലോകം
 

2012, മാർച്ച് 2, വെള്ളിയാഴ്‌ച

ആങ്ങാമൂഴി പുലിവധം- ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുന്നു





പത്തനംതിട്ട : ആങ്ങാമൂഴിയില്‍ നടന്ന പുലിവധത്തിന്റെ പിന്നിലുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു . പത്ര ലേഖകനെ വധിക്കാന്‍ശ്രമിച്ച കേസിലെയും മറ്റൊരു ഗുണ്ടാ ‌ വധക്കേസിലെയും പ്രതി എന്ന് ആരോപിക്കപ്പെടുന്ന വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധഗുണ്ട പുലിയെകൊല്ലാന്‍ കൊട്ടേഷന്‍ എടുത്തിരുന്നു എന്ന വിധം കെട്ടിച്ചമച്ച എഫ് ഐ ആര്‍ ,പല പ്രഗത്ഭരേയും കേസില്‍ നിന്നും രക്ഷിക്കാന്‍ ആണെന്ന്  ആരോപണം . പുലിവധകേസ്  സീ ബീ ഐ ക്ക് വിടണം എന്ന് പൊതു താത്പര്യ ഹര്‍ജ്ജി .
വനം വകുപ്പിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ , മദ്യപിച്ചു മദോന്‍മത്തന് ആയ പുലി , പമ്പയില്‍ നിന്നും പത്തനംതിട്ടയിലേക്ക്  അതിവേഗം പോകുന്ന വഴി ആങ്ങാമൂഴിക്കു സമീപം വെച്ച് ഒരു കൊട്ടേഷന്‍ ബിസിനസ്സുമായി പോകുകയായിരുന്ന വെട്ടുകുട്ടന്റെ തോളില്‍ ഉരസ്സുകയും , ഇതില്‍ കുപിതനായി പുലിയുടെ പിറകെ പാഞ്ഞ വെട്ടുകുട്ടനും പുലിയും തമ്മില്‍ ആങ്ങാമൂഴിയില്‍ വെച്ച് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇതിനെത്തുടര്‍ന്ന് വെട്ടുകുട്ടന്  ’S'‍    ആകൃതിയിലുള്ള ഒരു വടിയുമായി പുലിയുടെ ദേഹത്തേക്ക് ചാടി വീഴുകയും പുലിയുടെ കഴുത്തില്‍ ഈ  വടി വച്ച് ഞെക്കി പുലിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്തു എന്നാണു കേസ് .
എന്നാല്‍ വനം വകുപ്പ്കാര്‍ , പത്രക്കാര്‍ക്കും ,ടീ വീ ചാനലുകാര്‍ക്കും മുന്‍പില്‍  പ്രദര്‍ശിപ്പിച്ച ’S’ ആകൃതിയിലുള്ള വടി കാട്ടിലെ മരത്തില്‍ നിന്നും താന്‍ വനം വകുപ്പുകാര്‍ക്ക് ഒടിച്ചു കൊടുത്തതാണ് എന്ന ആരോപണവുമായി പ്രസിദ്ധ  വിറകുവെട്ടുകാരന്‍ നിലക്കല്‍ തങ്കപ്പന്‍ രംഗത്ത് എത്തിയതാണ് വനം വകുപ്പിനെ കുഴക്കുന്നത് . സംഭവം നടന്നു മൂന്ന് മണിക്കൂറിനു ശേഷം വനം വകുപ്പ് കമ്മീഷണര്‍ ശ്രീ കപീഷ് മാത്യു ഐ എഫ് എസ് നേരിട്ടെത്തി ഈ വടി ഒടിച്ചു വാങ്ങിയതാണെന്നും , താന്‍ ഇത് വെട്ടുകുട്ടന് നേരത്തെ നല്‍കിയിരുന്നു എന്നുള്ള അവകാശവാദം കളവാണെന്നും അദ്ദേഹം ആരോപിച്ചു .
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ രഹസ്യമായി ബൂലോകത്തോട് പറഞ്ഞത് അനുസ്സരിച്ച് , പുലിയുടെ കൂടെ അതീവ സുന്ദരിയായ ഒരു കഴുതപ്പുലിയും ,രണ്ടു കടുവകളും കൂടിയുണ്ടായിരുന്നതായും ,സംഘര്‍ഷം നടക്കുന്ന സമയത്ത് ഇവര്‍ കാട്ടിലേക്ക് കടന്നുകളഞ്ഞതായും അറിയാന്‍ കഴിഞ്ഞു . കാട്ടിലെ ഗസ്റ്റ്‌ ഹൌസില്‍ സുഹൃത്തുക്കളും ഒത്തു ഉല്ലസിച്ച ശേഷം തിരുവനന്തപുരത്തിന് സമീപമുള്ള ആനമുടിയില്‍ പുലി പുതുതായി നിര്‍മ്മിച്ച ലക്ഷ്വറി പുലിമടയിലേക്ക് ഇവര്‍ ഒരുമിച്ചു പോകുകയായിരുന്നു എന്നാണ് വിവരം . ഇതേ സമയം ആങ്ങാമൂഴിക്കു സമീപമുള്ള പഞ്ചനക്ഷത്ര പുലിവാസ കേന്ദ്രത്തില്‍ ‍ കാട് ഭരിക്കുന്ന സിംഹത്തിന്റെ മകനും ഉണ്ടായിരുന്നതായി അഭ്യൂഹം പ്രചരിക്കുന്നു .
കൂടെയുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കടുവകളെ കേന്ദ്രീകരിച്ചു അന്വേഷണം മുന്‍പോട്ടു പോകുന്നുണ്ട് എന്നാണു ഒടുവില്‍ കിട്ടിയ രഹസ്യ വിവരം . കാട്ടിലെ,  ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും ശക്തന്മാര്‍ക്ക് വേണ്ടി കൊട്ടേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ് ഈ കടുവകള്‍ എന്നും , ഇവരെ രക്ഷിക്കാന്‍ വേണ്ടി വെട്ടുകുട്ടനെ പ്രതി ചേര്‍ക്കുകയായിരുന്നു എന്നും , മൃഗാധിപത്യ സംരക്ഷണ സമിതി ,പത്തനംതിട്ട ജില്ലാ സമിതി ആരോപിച്ചു . അന്വേഷണം സീ ബീ ഐ ക്ക് വിടണം എന്നാവശ്യപ്പെട്ടു പൊതു താത്പര്യ ഹര്‍ജ്ജി സമര്‍പ്പിക്കും എന്നും  സെക്രട്ടറി ശരംകുത്തി കരടിയപ്പന്‍ ‍ അറിയിച്ചു .
ഇതിനിടെ ഇറ്റലിയിലെ മൃഗശാലയില്‍  പര്യടനം നടത്തുന്ന പുലിത്തോലിക്കാ സമുദായത്തിലെ  വലിയ പിതാവ് മാര്‍ പുലിയൂസ് കോലഞ്ചേരി , മരിച്ച പുലി പുലിത്തോലിക്കാ സമുദായംഗം ആണെന്നും , ഈ സമുദായത്തില്‍ പെട്ട മന്ത്രിപ്പുലികളുമായി താന്‍ ബന്ധപ്പെട്ടു പുലിത്തോലിക്കാ സമുദായത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ‘ പറ്റിക്കാന്‍ ‘  ടീവിയോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് . അടുത്ത് വരുന്ന ഉപതെരെഞ്ഞടുപ്പില്‍  ചില മൃഗങ്ങള്‍ ഈ സംഭവം പുലിത്തോലിക്കാ സമുദായം പിന്തുണയ്ക്കുന്ന കാട്ടിലെ ഡിങ്കന്‍ കരടി മന്ത്രിസഭക്ക് എതിരെ ഉപയോഗിക്കുമോ എന്ന് ഭയമുള്ളതായും അദ്ദേഹം പറയുകയുണ്ടായി .
വെട്ടുകുട്ടനെ  പത്രക്കാര്‍ക്കും ടീ വീക്കാര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ശേഷം നാളെ  വനംവകുപ്പുകാര്‍ കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു .അന്തരിച്ച പുലിയുടെ മൃതദേഹം വന്‍ മൃഗാവലിയുടെ സാന്നിധ്യത്തില്‍ സ്വദേശമായ അഗസ്ത്യകൂടത്തില്‍ സംസ്കരിച്ചു .പുലിയരക്കോണം കുടുംബാംഗം ആയ  പുലി വിവാഹിതന്‍ അല്ലെങ്കിലും പന്ത്രണ്ടോളം പുലിക്കുട്ടികളുടെ പിതാവാണെന്ന് അറിയുന്നു .