2012, മാർച്ച് 6, ചൊവ്വാഴ്ച

ഫേസ്ബുക്കും ജനാധിപത്യവും


ഈ വര്ഷം ഫേസ്ബുക്ക്‌ ലോകത്തിലെ ശതകോടി ഉപയോക്താക്കളില്‍ എത്തിച്ചേരും  എന്ന് കരുതപ്പെടുന്നു. അതായതു ലോക ജനസംഖ്യയുടെ എഴിലൊന്ന് ഇപ്പോള്‍ ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നു. ലോകരാജ്യങ്ങളിലെ ജനസംഖ്യ അനുപാതത്തില്‍  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ആകെ  ജനസംഖ്യയോളം വരും ഇത്. പല അറബ് രാജ്യങ്ങളെയും ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതില്‍  നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക്‌ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയോ ?
നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഭരണയന്ത്രങ്ങളും സോഷ്യല്‍  മീഡിയയെ ഇത്രയേറെ ഭയത്തോടും ചിലപ്പോള്‍ എങ്കിലും പകയോടും സമീപിക്കേണ്ട കാര്യം ഉണ്ടോ ? അണ്ണാ ഹസാരെ തന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റിനു സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആയിരുന്നു എന്ന കാരണത്താല്‍, ജനാധിപത്യത്തിന്റെ  കടക്കല്‍ കത്തിവെക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ് ഫേസ്ബുക്കും, ട്വിറ്ററും  എന്നൊക്കെ ധരിച്ചു പരവശരായ കുറെ രാഷ്ട്രീയക്കാരെങ്കിലും  ഉണ്ട് നമ്മുടെ ഇടയില്‍ എന്ന് തോന്നുന്നു. പ്രത്യേകിച്ചും കേന്ദ്ര ഭരണാധികാരികളില്‍ ചിലര്‍ ഫേസ് ബുക്കിനും മറ്റും എതിരായി തുടര്‍ച്ചയായി ചന്ദ്രഹാസം ഇളക്കുന്നത് നമ്മുടെ  ജനാധിപത്യപ്രക്രിയില്‍ ഉറച്ച വിശ്വാസം ഉള്ള ഒരു മുതിര്‍ന്ന തലമുറക്കെങ്കിലും ഈ മാധ്യമങ്ങളെപ്പറ്റി ഒരു തെറ്റിധാരണ ഉണ്ടാക്കാനും, സോഷ്യല്‍ മീഡിയ എന്നാല്‍   ഗവര്‍ണ്മെന്റിനെതിരെ കലാപം ഉണ്ടാക്കുന്നവരും തീവ്രവാദികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം എന്ന അബദ്ധധാരണ അവര്‍ക്ക് പകര്‍ന്നു നല്‍കുവാനും കാരണമായിട്ടില്ലേ എന്നും സംശയിക്കുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ക്ക്  ജനാധിപത്യത്തില്‍ ഉളവാക്കാന്‍ കഴിയുന്ന സ്വാധീനത്തെപ്പറ്റിയും, ജനപ്രധിനിധികള്‍ അവയെ ഉപയോഗപ്പെടുന്ന രീതികളെപ്പറ്റിയും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടണം എന്ന് തോന്നിപ്പിച്ചത്  ഇന്ന് മലയാള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്ത്തയാണ്. വീ .ടീ .ബലറാം എന്ന യുവ എം എല്‍ എ, താന്‍  നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ബില്ല് ഫേസ്ബുക്കില്‍ ജനാഭിപ്രായം അറിയുവാന്‍  പോസ്റ്റു ചെയ്യുകയും, അതിനെ തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി തേടിയിട്ടുള്ള ഈ  ബില്ല് അംഗങ്ങള്‍ക്ക് നല്കുന്നതിനുമുന്പു സോഷ്യല്‍ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച ബലറാമിന്റെ നടപടി ചട്ടവിരുദ്ധവും അംഗങ്ങളുടെ അവകാശലംഘനവും ആണെന്ന് ബഹു: കേരള നിയമസഭാ സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയും  ചെയ്തിരിക്കുന്നു. ഇതൊരു നടപടിയെടുക്കേണ്ട കുറ്റം എന്ന രീതിയില്‍ സ്പീക്കര്‍  പരിഗണിച്ചു എന്നും മനസ്സിലാകുന്നു. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്തും, ന്യായാന്യായങ്ങള്‍ പരിശോധിച്ചും നിയമസഭയാല്‍ ‘ഇമ്പീച്ച് ‘ ചെയ്യപ്പെട്ട ആദ്യ ബ്ലോഗ്ഗര്‍ എന്ന ഖ്യാതിയോടെ ലിംക വേള്‍ഡ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റാന്‍ തീരെ താത്പര്യം ഇല്ലാത്തതുകൊണ്ട്, ആ ഭാഗത്തേക്ക് ഇപ്പോള്‍ നോക്കുന്നില്ല.
കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങള്‍ തയ്യാറാകണം എന്ന്  നിയമസഭയില്‍ അഭിപ്രായപ്പെട്ട ബലറാമിന്റെ വാദത്തോട് നൂറുശതമാനം യോജിച്ചുകൊണ്ട് ; കഴിഞ്ഞ വര്ഷം യൂറോപ്യന്‍  പാര്‍ലമെന്റ്  സംഘടിപ്പിച്ചത് പോലെ, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക്  എന്ന വിഷയത്തെപ്പറ്റി ഒരു സെമിനാര്‍ സംഘടിപ്പിക്കുവാന്‍ നമ്മുടെ നിയമസഭയും വൈകിക്കൂടാ എന്ന് കരുതുന്നു.
യൂറോപ്പിലെ പാര്ലമെന്ടറി ജനാധിപത്യത്തില്‍, ഫേസ്ബുക്കിന്റെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനം എന്ന വിഷയത്തില്‍, ഉന്നത ഉദ്യോഗസ്ഥരെയും, ബ്ലോഗ്ഗെര്മാരെയും, സമൂഹത്തിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ‘ബട്ടര്‍ഫ്ലൈ  യൂറോപ്പ് ‘ എന്ന പേരില്‍ കഴിഞ്ഞ വര്ഷം  യൂറോപ്പിയന്‍ പാര്‍ലിമെന്റില്‍ നടത്തിയ സിമ്പോസിയം, ഈ വിഷയത്തില്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ചെലുത്തുന്ന ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപ്പറ്റിയും അംഗങ്ങള്‍ സുചിന്തിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

നിയമസഭ ബില്ലുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നത് ശരിയായ പ്രവണതയോ?
ഒരു പാര്‍ലിമെന്റ് അംഗം ഇങ്ങനെ പറഞ്ഞു ‘ പാരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് അനേക മടങ്ങ്‌ ആള്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ ഫേസ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ നമുക്ക് അവസരം തരുന്നു .നാം ഒരു ലഘുലേഖ  പുറത്തു ഇറക്കിയാല്‍ അത് തൊണ്ണൂറ്റി ഒന്‍പതു ശതമാനവും പാഴ്ചിലവായി  മാറും . ടീവീയിലൂടെയും മറ്റും നമുക്ക് പരിമിതമായ ആളുകളില്‍ എത്തിച്ചേരാന്‍ പറ്റും എങ്കില്‍ ഫേസ് ബൂക്കിലൂടെ നമുക്ക് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളില്‍ എത്തിച്ചേരാന്‍ ആവും .
മറ്റൊരാള്‍ പറയുന്നത് ജനഹൃദയങ്ങള്‍ തൊട്ടറിയുവാന്‍ ഇതുപോലെ പറ്റിയ വേറൊരു മാര്‍ഗം ഇല്ല എന്നത്രേ !!
രാഷ്ട്രീയക്കാര്‍ അമിതമായി ഈ മാധ്യമങ്ങളെ ആശ്രയിക്കുന്നതിന്റെ പരിമിതികളും അവര്‍ ചൂണ്ടിക്കാട്ടി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പരിഛെദം അല്ലെന്നും , ജനാധിപത്യത്തിന്റെ ഒരു ഉപകരണം ആയി അതിനെ കാണുന്നത് അപകടകരം ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി . സോഷ്യല്‍ മീഡിയയെ കുറിച്ചു  തങ്ങള്‍ക്കുള്ള അജ്ഞതയെപ്പറ്റിയും ചിലര്‍ വാചാലരായി .
യൂറോപ്പിനെ അപേക്ഷിച്ച് ഇന്റര്‍നെറ്റ്‌ ഉപയോഗം തുലോം കുറവുള്ള നമ്മുടെ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ പരിമിതികള്‍ ഏറെയാണെങ്കിലും, യുവാക്കളെയും , വിദ്യാസമ്പന്നരെയും രാഷ്ട്ര പുനര് നിര്‍മ്മാണത്തില്‍  കൂടുതലായി ഉള്‍ക്കൊള്ളിക്കുക എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ബലരാമിന്റെ സംരംഭത്തിന് കഴിയും എന്ന വിശ്വാസത്തില്‍  , ജനാധിപത്യസ്ഥാപനങ്ങള്‍  നിയമ പരിഷ്കാരങ്ങള്‍ മുഖേനയും  മറ്റും ക്രിയാത്മകമായ ഇത്തരം സംരംഭങ്ങള്‍ക്ക്‌ വേദിയൊരുക്കി കൊടുക്കയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . ചുരുങ്ങിയപക്ഷം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നൂതന മാധ്യമങ്ങളുടെ ജനോപകാരപ്രദമായ ഉപയോഗങ്ങള്‍ കുറ്റകൃത്യം ആയി കാണരുത് എന്ന് അപേക്ഷിക്കുന്നു .
മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം ബാലികേറാമല ഒന്നും അല്ല എന്നത് , നിയമസഭക്ക് ഉള്ളില്‍ ഇരുന്നുള്ള മൊബൈല്‍ ഫോണിന്റെ ക്രിയാത്മകമായ ഉപയോഗത്താല്‍ കര്‍ണാടകത്തിലെ മൂന്ന് മന്ത്രിമാര്‍ ഈയിടെ തെളിയിച്ചതാണല്ലോ ! സാധാരണക്കാര്‍ക്ക് ജനപ്രതിനിധികളുടെ സാങ്കേതിക വിദ്യകളില്‍ ഉള്ള ജ്ഞാനവും താത്പര്യവും മനസിലാക്കുവാന്‍ ഈ സംഭവം സഹായകമായതിനാല്‍ ,പഞ്ചായത്ത് മുതല്‍ ഉള്ള മെമ്പര്‍മാര്‍ക്ക് ഐ -പാഡ് അനുവദിച്ചു , ഇന്റര്‍നെറ്റില്‍ തത്തിക്കളിക്കാന്‍ അവസരം ഉണ്ടാക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു .   കടപ്പാട് ഭൂലോകം
 

1 അഭിപ്രായം:

mujeeb padikkal പറഞ്ഞു...

കാലം മാരുനതിനു അനുസരിച്ച് ചട്ടങ്ങളും മരെണ്ടാതല്ലേയ്? കേരളാ നിയമ സഭയില്‍ ഇന്നു ഇരികുനവരില്‍ ഏറ്റവും വിദ്യ സംബനന്‍ വി.ടി. ബാലറാം ആണ് എന്നതില്‍ തൃത്തലകാര്‍ക്ക് അഭിമാനികാം.......... കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായ സ്വകാര്യ നഴ്സുമാരുടെ വിഷയം സഭയുടെ മുന്നില്‍ കൊണ്ടുവരാനും അതിനു ശാശ്വതമായ ഒരു പരിഹാരം എന്നാ നിലയില്‍ ഉള്ള നിയമ നിര്‍മ്മാണത്തിനു നിര്‍ദേശിക്കുന്ന ഒരു സ്വകാര്യ ബില്ല് തയ്യാറാക്കി എം എല്‍ എ യെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമ നിര്‍മ്മാനമായ ലോക്പര്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് കണ്ട മൈതാനങ്ങളിലും റോഡുവക്കിലും വേണ്ടാവരും വേണ്ടാത്തവരും എല്ലാം ചര്‍ച്ച ചെയ്തപ്പോള്‍ അതിനു ചൂട്ടു പിടിച്ചവര്‍; താന്‍ നിയമ സഭയില്‍ അവതരിപ്പിക്കാന്‍ നോടീസ് നല്‍കിയ ഒരു സ്വകാര്യ ബില്ല് അഭിപ്രായം അറിയുന്നതിന് വേണ്ടി പൊതുജന സമക്ഷം സമര്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നത് വെറും രാഷ്ട്രീയ ഗിമ്മിക് മാത്രമാണ്.